ഭൂപ്രകൃതി

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് പരിയാരം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്‍റെ രണ്ട് വില്ലേജുകളായി വേര്‍തിരിച്ചുകൊണ്ട് നെടുകെ 13 കി.മീ നീളത്തില്‍ കുപ്പം പുഴ ഒഴുകുന്നു. പുഴയ്ക്ക് ഇരു കരകളിലുമായി സമാന്തരമായി നീണ്ടുകിടക്കുന്ന കുന്നിന്‍ നിരകളുമുണ്ട്. കേരളത്തിന്‍റെ രണ്ട് ചെറുപതിപ്പുകള്‍ ചേര്‍ന്നതാണ് പരിയാരം ഗ്രാമ പഞ്ചായത്തിന്‍റെ ഭൂപ്രകൃതി .ഒരു ഭാഗത്ത് കുന്നിന്‍ നിരകളും അതിന്‍റെ താഴ്വരകളും അതിനോട് ചേര്‍ന്ന സമതലങ്ങളും, പുഴയോട് ചേര്‍ന്ന തീരസമതലങ്ങളും ചേര്‍ന്നതാണ് പഞ്ചായത്തിന്‍റെ ഭൂഭാഗങ്ങള്‍. പുഴയുടെ ഇരുവശങ്ങളിലും തെങ്ങിന്‍തോപ്പുകളും ഫലവൃക്ഷങ്ങളും മറ്റ് കാര്‍ഷിക വിളകളും ഉള്ള തീര പ്രദേശവും തീരപ്രദേശത്തോട് ചേര്‍ന്ന് നെല്‍വയലുകളും സ്ഥിതി ചെയ്യുന്നു. തീരപ്രദേശങ്ങളിലും കുന്നിന് ചെരുവകളിലും കുന്നിന്‍റെ മുകള്‍ ഭാഗത്തുള്ള പീഠഭൂമി പോലുള്ള പ്രദേശത്ത് ജനങ്ങള്‍ വസിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നു. കുപ്പം പുഴയുടെ ഇരുവശങ്ങളിലുമുള്ള പഞ്ചായത്തിന്‍റെ ഭൂപ്രകൃതി സമാനതകള്‍ ഉള്ളതാണ്. നദിക്ക് ഇരുവശങ്ങളിലുമായി ചെങ്കല്‍ പാറകള്‍ നിറഞ്ഞ കുന്നുകളും അതിന്‍റെ മുകള്‍ ഭാഗം പരന്ന പ്രദേശവുമാണ്. എല്ലാ ഗ്രാമങ്ങളിലും നഗരവത്കരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഗ്രാമീണ തനിമ നിലനിര്‍ത്തുകയും അതോടൊപ്പം നഗരവത്കരണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രദേശമാണ് പരിയാരം ഗ്രാമ പഞ്ചായത്ത്. ആദ്യകാലത്ത് പുഴയോരത്തും കുന്നിന്‍ ചെരിവുകളിലുമാണ് ജനവാസം കൂടുതല്‍ ഉണ്ടായിരുന്നത്. റോഡുകളും മറ്റ് വികസന പ്രവര്‍ത്തനങ്ങളും വന്നതോട് കൂടി കുന്നിന്‍ മുകളിലുള്ള നിരപ്പായ പ്രദേശത്ത് ജനവാസം വ്യാപിക്കുകയും വ്യാപാര വ്യവസായ കേന്ദ്രങ്ങളും പുതിയ തൊഴില്‍ സംരംഭങ്ങളും ഉയര്‍ന്ന് വരികയും നഗരവത്കരണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. തീരസമതലത്തിനും കുന്നിന്‍ ചെരിവിനുമിടയില്‍ സ്ഥിതി ചെയ്യുന്ന നെല്‍വയലുകള്‍ പഞ്ചായത്തിന്‍റെ ഭക്ഷ്യ കലവറയാണ്. പൂര്‍ണ്ണമായും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിച്ചിരുന്ന ജനത നഗരവത്കരണം നടന്നതോടുകൂടി വ്യാപാര വ്യവസായിക സംരംഭങ്ങളിലും മറ്റ് തൊഴിലുകളിലും ഏര്‍പ്പെടുക്കുകയും നെല്‍കൃഷി കുറഞ്ഞ് വരുന്ന അവസ്ഥയുമുണ്ടായി. കാര്‍ഷിക മേഖലയില്‍ പഞ്ചായത്തിന്‍റെ ബോധപൂര്‍വ്വമായ ഇടപെടലി‍ന്‍റെ ഭാഗമായി നെല്‍കൃഷി രംഗത്ത് പുതിയ ഉണര്‍വ്വ് ദൃശ്യമാണ്. പഞ്ചായത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുകൂടി കുപ്പം പാലം മുതല്‍ ഏമ്പേറ്റ് വരെയുള്ള പ്രദേശങ്ങളിലൂടെ  9 കി.മീ നീളത്തില്‍ കടന്നുപോകുന്ന ദേശീയപാത ഭൂപ്രകൃതിയെയും ജനജീവിതത്തെയും സ്വാധീനിക്കുന്നു. പഞ്ചായത്തിന്‍റെ കിഴക്ക് ഭാഗത്ത് പുഷ്പഗിരി മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള പ്രദേശത്ത് കൂടി കടന്ന് പോകുന്ന സംസ്ഥാന പാതയും ഈ പാതകളെ ബന്ധിപ്പിച്ചുകൊണ്ട് അനേകം പഞ്ചായത്ത് റോഡുകളും ഉണ്ട്. പഞ്ചായത്തിന്‍റെ കാര്‍ഷിക മേഖലയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകം കുപ്പം പുഴയും പുഴയിലേക്ക് ഇരുവശങ്ങളിലെ കുന്നുകളില്‍ നിന്നും ഒഴുകിചേരുന്ന തോടുകളും നീരുറവകളുമാണ്. കുന്നിന് താഴ്വരകള്‍ ധാരാളം തോടുകളുടെയും നീര് ഉറവകളുടെയും ജലസംഭരണികളുടെയും കേന്ദ്രമാണ്. കുപ്പം പുഴ നീര്‍ത്തടത്തില്‍ ചേരുന്ന 14 നീര്‍ത്തടങ്ങള്‍ പരിയാരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഉണ്ടാകുന്ന വെള്ളപ്പൊക്കം ജനജീവിതത്തിന് പ്രയാസം ഉണ്ടാക്കാറുണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ കഴിയുമായിരുന്നു. 2019 ലെ പ്രളയത്തിലാണ് വെള്ളപ്പൊക്കം രൂക്ഷമായ അവസ്ഥയും ജനജീവിതത്തെ ബാധിക്കുന്ന സ്ഥിതിയും ഉണ്ടായത്. റബ്ബർ, കുരുമുളക്, കശുവണ്ടി തുടങ്ങിയ നാണ്യവിളകളുടെയും മറ്റ് കാർഷിക വിളകളുടെയും ഫലവൃക്ഷങ്ങളുടെയും കേന്ദ്രമാണ്. നീണ്ട കുന്നിന് പ്രദേശങ്ങളും കുന്നിന് ചെരിവുകളും ഉണ്ടെങ്കിലും മണ്ണൊലിപ്പ് ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കുന്നിന് ചെരുവുകളിലുള്ള വൃക്ഷങ്ങളും കാടുകളും  ഉള്ളത് കൊണ്ടും അമിതമായ കുന്നിടിക്കലും നിര്‍മ്മാണ പ്രവര്ത്തനങ്ങളും ഇല്ലാത്തതുകൊണ്ടുമാണ് ദുരന്തങ്ങള്‍ സംഭവിക്കാത്തത്. കുന്നിന് ചെരിവുകളിലും മുകള്‍ ഭാഗത്തുമുള്ള ഭൂവിനിയോഗത്തില്‍ നിയന്ത്രണം കൊണ്ടുവന്ന് ദുരന്ത സാധ്യത ഇല്ലാതാക്കാൻ കഴിയും.